ഇന്നെന്റെ ജന്മദിവസമാണ്
നാട്ടില്‍ അമ്മ ശ്വാസംമുട്ടലിനെ അവഗണിച്ച് രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കുളിച്ചിട്ടുണ്ടാവും, അനിയത്തി മുറ്റത്തെ എല്ലാ ചെടികളില്‍നിന്നും പറിച്ച പൂക്കള്‍ താലത്തില്‍ നിറച്ച്, ക്ഷേത്രത്തിലേയ്ക്കു പോകാന്‍ ധൃതി കൂട്ടുന്ന അമ്മയെ സഹായിക്കുകയായിരിക്കും, ഭര്‍തൃശുശ്രൂഷാത്തിരക്കിനുള്ളിലും കുറച്ച് സമയം കണ്ടെടുത്ത് പഴയ ഓര്‍മ്മകളെ അയവിറക്കാന്‍ മറ്റു സഹോദരിമാരും വെമ്പുന്നുണ്ടാവാം. ജോലിയുടെ ആധിക്യത്താല്‍ വളരെ താമസിച്ച് ഉറങ്ങിയ അനുജനെ ഇന്നെങ്ങിലും ഒന്നു വേഗം എണീക്ക് ഹരിയുടെ പിറന്നാളല്ലെ എന്നുപറഞ്ഞ് അച്ഛന്‍ ശകാരിക്കുന്നുണ്ടാവും, മുറിയുടെ ഭിത്തിയില്‍ കട്ടിലിനു തൊട്ടുമുകളില്‍ തൂങ്ങുന്ന എന്റെ ഫോട്ടോയിലേക്കു നോക്കി അച്ഛന്‍ ദീര്‍ഘനിശ്വാസമുതിര്‍ക്കൂന്നുണ്ടാവും, നാളും പേരും അമ്മ പറയാതെതന്നെ അറിയുന്ന മേല്‍ശാന്തി അര്‍ച്ചനകഴിഞ്ഞു പ്രസാദം നല്‍കുമ്പോള്‍,"അവനിനി എന്നാ വരുന്നെ" എന്നു ചൊദിക്കുന്നുണ്ടാവും.അതിരാവിലെ അച്ഛനോടൊപ്പം ചീവീടുകളുടെ വിഹാരകേന്ദ്രമായ ദര്‍ഭക്കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ച് ഈറന്‍ വസ്ത്രവുമായി നിര്‍മ്മാല്ല്യപൂജ തൊഴുമ്പോള്‍, കൈകൂപ്പി എന്നെ ഉറ്റുനോക്കുന്ന രണ്ടുദ്വാരപാലികമാര്‍ ഇന്നും എന്നെ പ്രതീക്ഷിച്ച് കൈകൂപ്പിനില്‍കുന്നുണ്ടാവും. നിര്‍ബന്ധപൂര്‍വ്വം അമ്മൂമ്മ ജപിപിക്കുന്ന ശങ്കരധ്യാനപ്രകാരം എന്റെ പ്രിയഭോജനങ്ങളായ കടലപ്രഥമന്‍, വെള്ളരിക്ക പച്ചടി, ഇടിചമ്മന്തി എന്നിവകളുടെ സുഗന്ധത്തിന് വഴിമാറിക്കൊടുക്കുന്ന എന്റെ അങ്കണം ഇന്നും എന്നെ പ്രതീക്ഷിക്കുന്നുണ്ടാവാം. സന്ധ്യാ പൂജക്കു ദീപം ഉഴിയുമ്പോള്‍, ഈ പിറന്നാള്‍ ഇന്ന് കഴിഞ്ഞുപോകരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചിരൂന്നത് ഇന്നും ശ്രീകൃഷ്ണന് ഓര്‍മ്മയുണ്ടാവും.ബാല്യത്തിലെന്നോ ഊഞ്ഞാല്‍ കെട്ടി ആടുന്ന വേപ്പിന്മരവും, ശ്യമളക്കുളവും, അരുവിയോടും, ഇലങ്കവും, ചെമ്മണ്ണിന്റെ മണമുയരുന്ന ഒറ്റയടി പാതകളും, കൗമാരവും യൗവ്വനവും ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ബാല്യ കാല സഖിയും ഒരുപക്ഷെ ഇപ്പോഴും എന്നെ കാത്തിരിക്കുകയാവും.രാത്രിക്ക് കറുപ്പേറുന്നു, ട്രെയിനിലെ തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല അന്ധേരി സ്റ്റേഷനിലെ അന്ധഗായകന്‍ വീണ്ടും പാടുന്നു "തുജെ യാദ് ന മേരി അയീ കിസീസെ അബ് ക്യാ കഹ്‌നാദില്‍ രോയാ കീ ആഖ്ബര്‍ ആയി കിസീസെ അബ് ക്യാ കഹ്‌നാ"ട്രെയിന്‍ എന്നെ അന്ന് കേരളത്തില്‍നിന്നെന്നപോലെ വീണ്ടൂം മഹാനഗരത്തിന്റെ നിശാശോകത്തിലാണ്ട കടല്‍ക്കരയിലെത്തിച്ചു, ഉയരെ ആകാശത്തിലെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി, കടല്‍ത്തിരകളുടെ ആരവം കേട്ടിരുന്നപ്പോള്‍ മനസ്സില്‍ ആരോ പറഞ്ഞു, "ഇന്നുനിന്റെ പിറന്നാളാണ്".
Tuesday, June 26, 2007
Subscribe to:
Comments (Atom)
